2026 ഫിഫ ലോകകപ്പ് 2026 ജൂൺ 11 ന് ആരംഭിക്കും.
ഫുട്ബോളിന്റെ ഏറ്റവും വലിയ ആഘോഷം ഇനി വാതിൽക്കൽ തന്നെയാ. 2026 ജൂൺ 11ന് തുടങ്ങാനിരിക്കുന്ന FIFA World Cup 2026 ഈ തവണ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയതും കിടിലൻ എഡിഷനും ആകാനാണ് പോകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള 48 ടീമുകൾ ചേർന്ന് ആകെ 104 മത്സരങ്ങളിലാണ് ഏറ്റുമുട്ടുക.
ഈ തവണ ടൂർണമെന്റിനായി ആകെ 16 സ്റ്റേഡിയങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്നാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്.
പക്ഷേ ഇന്ത്യയിൽ ടൂർണമെന്റിന്റെ ബ്രോഡ്കാസ്റ്റിംഗ് റൈറ്റ്സിനെ കുറിച്ച് ഇപ്പോൾ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. FIFAയും ഇന്ത്യയിലെ ബ്രോഡ്കാസ്റ്റർമാരും ഇതുവരെ ഒരു ധാരണയിലേക്കും എത്തിയിട്ടില്ല. ഇന്ത്യയിൽ ഫുട്ബോളിന് ഉള്ള വലിയ ആരാധക പിന്തുണയും ഫിഫയ്ക്കുള്ള വലിയ മാർക്കറ്റുമായ ഇന്ത്യയെ കണക്കിലെടുക്കുമ്പോൾ ഇത് വലിയ തിരിച്ചടിയായാണ് കാണുന്നത്. സാമ്പത്തിക കാര്യങ്ങളാണ് ഇപ്പോഴുള്ള ചർച്ചകളിലെ പ്രധാന പ്രശ്നമെന്ന് പറയപ്പെടുന്നു, അതോടൊപ്പം മറ്റ് ചില കാരണങ്ങളും ചര്‍ച്ചകള്‍ കുഴക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇതുമായി ബന്ധപ്പെട്ട് FIFA അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു:
“ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ലോകകപ്പിന് മുന്നോടിയായി ലോകത്തെ 180 രാജ്യങ്ങളിലെ ബ്രോഡ്കാസ്റ്റർമാരുമായി ഫിഫ കരാറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയിൽ FIFA World Cup 2026 മീഡിയ റൈറ്റ്സ് വിൽപ്പന സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ചര്‍ച്ചകളുടെ വിവരങ്ങൾ രഹസ്യമായി തന്നെ തുടരേണ്ടതാണ്.”
എന്താണ് ഇവിടെ നടക്കുന്നെ?
ഇപ്പോൾ നടക്കുന്നത് എന്താണെന്ന് പറഞ്ഞാൽ, FIFA World Cup 2026 തുടങ്ങാൻ ഇനി ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴും ഇന്ത്യയിലെ ബ്രോഡ്കാസ്റ്റിംഗ് ഡീൽ ഫൈനൽ ചെയ്യാൻ FIFAക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിന് പിന്നിൽ പ്രധാനമായും സാമ്പത്തിക കാര്യങ്ങളും ഇന്ത്യയിൽ ഫുട്ബോളിന്റെ കമർഷ്യൽ വാല്യൂ കുറഞ്ഞതുമാണ് പറയപ്പെടുന്നത്. 2022 ലോകകപ്പിനായി ജിയോ Sports18-ുമായി ഉണ്ടായിരുന്ന കരാറിനെ അടിസ്ഥാനമാക്കി ഈ തവണയും ഏകദേശം 50 മുതൽ 60 മില്യൺ ഡോളർ വരെയുള്ള ഡീൽ ഫിഫ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ അന്നത്തെ സമയത്ത് പല സ്പോർട്സ് പ്രോപ്പർട്ടികൾക്കും ജിയോ അമിതമായി പണം ചെലവഴിച്ചുവെന്ന അഭിപ്രായം ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് ശക്തമാണ്.
ഇപ്പോൾ ചില പ്രമുഖ ബ്രോഡ്കാസ്റ്റർമാർ 20 മുതൽ 25 മില്യൺ ഡോളർ വരെയുള്ള ഓഫറുകളാണ് നൽകിയിരിക്കുന്നത്. അതേസമയം പരസ്യങ്ങളിലൂടെ വലിയ വരുമാനം ഇനി തിരികെ പിടിക്കാൻ സമയമില്ലെന്നാണ് പലരും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഡിസ്‌ട്രിബ്യൂഷൻ റവന്യൂ മാത്രമാണ് നിക്ഷേപം തിരികെ നേടാനുള്ള യാഥാർത്ഥ്യമായ മാർഗമെന്നാണ് ബ്രോഡ്കാസ്റ്റർമാർ കരുതുന്നത്.
ഇതിനിടെ ചൊവ്വാഴ്ച Delhi High Court കേന്ദ്ര വിവര-പ്രസാരണ മന്ത്രാലയത്തിനും Prasar Bharatiക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ FIFA World Cup 2026 സംപ്രേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
കാരണങ്ങൾ
ഇന്ത്യയിലെ ബ്രോഡ്കാസ്റ്റർമാർക്ക് FIFA World Cup 2026 സംബന്ധിച്ച് ഇപ്പോൾ ഒരു മടിച്ചിൽ ഉള്ളത് വ്യക്തമാണ്. അതിന് പിന്നിലെ പ്രധാന കാരണങ്ങളും വളരെ ക്ലിയറാണ്.
അതിൽ ഏറ്റവും വലിയ പ്രശ്നം ടൂർണമെന്റിന്റെ ടൈമിംഗാണ്. ലോകകപ്പ് ഇത്തവണ നോർത്ത് അമേരിക്കയിൽ നടക്കുന്നതിനാൽ ഇന്ത്യയിലെ സമയമനുസരിച്ച് മത്സരങ്ങൾ രാത്രി 12:30 മുതൽ രാവിലെ 7:30 വരെയായിരിക്കും നടക്കുക.
ഈ സമയക്രമം ബ്രോഡ്കാസ്റ്റർമാർക്ക് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. കാരണം ഇന്ത്യയിലെ പ്രൈം ടൈം സമയങ്ങളിൽ അല്ല മത്സരങ്ങൾ വരുന്നത്. അതുകൊണ്ട് പരസ്യ വരുമാനത്തിന്റെ കമർഷ്യൽ വാല്യൂ കുത്തനെ കുറയുമെന്നാണ് വിലയിരുത്തൽ. ലോകകപ്പ് പോലൊരു വലിയ ഇവന്റിന് ഇന്ത്യയിൽ വലിയ ആരാധക പിന്തുണ ഉണ്ടെങ്കിലും, ഇത്രയും കാര്യങ്ങൾ കണക്കിലെടുത്താൽ അത് സാമ്പത്തികമായി വലിയ നേട്ടം നൽകുമോയെന്ന കാര്യത്തിൽ ബ്രോഡ്കാസ്റ്റർമാർക്ക് ഇപ്പോഴും സംശയമുണ്ട്.
അതോടൊപ്പം ലോകകപ്പ് തുടങ്ങാൻ ഇനി ഒരു മാസം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ പരസ്യങ്ങളിലൂടെ വലിയ വരുമാനം തിരികെ പിടിക്കാൻ സമയമില്ലെന്ന വിലയിരുത്തലും ശക്തമാണ്. അതുകൊണ്ട് തന്നെ ഡിസ്‌ട്രിബ്യൂഷൻ റവന്യൂ മാത്രമാണ് യാഥാർത്ഥ്യത്തിൽ നിക്ഷേപം തിരികെ നേടാനുള്ള വഴി എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. അതിലൂടെ ഏകദേശം 20 മില്യൺ ഡോളർ വരെ മാത്രമേ വീണ്ടെടുക്കാൻ കഴിയൂവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
തീരുമാനം
ഒക്കെ പറഞ്ഞാലും ഇന്ത്യ പോലൊരു രാജ്യത്ത് ലോകകപ്പ് ടെലികാസ്റ്റ് തന്നെ അനിശ്ചിതത്വത്തിൽ ആകുന്നത് ഫുട്ബോൾ ആരാധകർക്ക് വലിയ നിരാശ തന്നെയാണ്. രാത്രി ഉറങ്ങാതെ ഇരുന്ന് കളി കാണാൻ റെഡിയായിരിക്കുന്ന ലക്ഷക്കണക്കിന് ഫാൻസുണ്ട് ഇവിടെ. അവസാനം എന്തായാലും ഒരു ധാരണയിലേക്കെത്തി ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണം ഉറപ്പാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കാരണം ലോകകപ്പ് എന്നത് വെറും ഒരു ടൂർണമെന്റ് അല്ല, ഫുട്ബോൾ പ്രേമികൾക്ക് അതൊരു ഫീലിംഗാണ്.
